കുരിശേശുവിലേശുമോ ?
ദു:ഖവെള്ളിയിലെ ദില്ലി-ദാലി കുരിശേശുവിലേശുമോ ? കുഞ്ഞുണ്ണി മാഷ് എഴുതിയ ഈ ചോദ്യം ദു:ഖവെള്ളി ദിവസം മലയാളത്തിലെ ആറു കവികളോട് ഞാൻ ചോദിച്ചു .. കെ ജി ശങ്കരപ്പിള്ള : ഏശില്ല ...കുരിശ് യേശുവിൽ ഏശില്ല , വെടിയുണ്ട ഗാന്ധിയിലും ഏശില്ല അൻവർ അലി : ദൈവം നശ്വരത എന്ന കുരിശിൽ കൂട്ടക്കൊല ചെയ്ത ജീവകോശങ്ങളുടെ സെമിത്തേരിയിൽ ഞാൻ നിൽക്കുന്നു അനിത തമ്പി: സ്വാതന്ത്ര്യത്തിനാണ് ഏറ്റവും വലിയ നോവ് നൽകേണ്ടത് ...മരണമല്ലേ , സത്യം ? സ്നേഹമല്ലേ ഉയിർപ്പ് ? കെ ആർ ടോണി: 'പശുത്തൊഴുത്തിൽ പിറന്നു വീണതും മരക്കുരിശിന്മേൽ മരിച്ചുവീണതും വളരെ നന്നായി മനുഷ്യപുത്രാ , നീ ഉയർത്തെഴുന്നേറ്റതോ പരമ വിഡ്‌ഢിത്തം' എന്നും കുഞ്ഞുണ്ണി എഴുതിയിട്ടുണ്ട് വി എം ഗിരിജ: സ്വത്ത് കുന്നുകൂടിയ പള്ളിയിലെ കുരിശ് യേശുവിൽ ഏശില്ല . എന്നാൽ കുരിശല്ലേ യഥാർത്ഥ യേശു ? അനിൽ കുമാർ ഡേവിഡ് : കുരിശ് യേശുവിൽ തുടങ്ങി യേശുവിൽ അവസാനിക്കുന്ന ഒന്നല്ല ..നോക്കൂ ..ഈ കൊറോണ കാലത്തും പാവപ്പെട്ടവന്റെ മുന്നിൽ ആണിപ്പഴുതും കുന്തമുനയുമായി അത് ഉയരുന്നുണ്ട്