Episode 1

*പറപ്പൂക്കാവ് ഭഗവതിക്ഷേത്രം**പൂരമഹോത്സവം*ദേവി ചൈതന്യപുണ്യം നിറയുന്ന അമ്മ, പറപ്പൂക്കാവിലമ്മ. തൃശ്ശൂർ ജില്ലയിൽ കേച്ചേരി- പറപ്പൂക്കാവ് ദേശത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം. കിഴക്ക് ദർശനമായി വലതു കൈയിൽ പള്ളിവാളും ,ഇടതു കൈയിൽ ചിലമ്പും പിടിച്ച്, ചുവന്ന പട്ടുടുത്ത്  ഇടതുകാൽ വലതുകാലിൽ ഉയർത്തി വെച്ചിരിക്കുന്ന ഭദ്രകാളി പ്രതിഷ്ഠ. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവി പറപ്പൂക്കാവിലമ്മ,  ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ ദേവിയുടെ വലതുഭാഗത്ത് ഗണപതി, ശ്രീകോവിലിന് പുറത്ത് ദേവിയുടെ ഇടതുഭാഗത്തായി കിരാതമൂർത്തി , ദുർഗ്ഗ, ബ്രഹ്മരക്ഷസ്, ഭദ്രകാളിയുടെ ഭൂതഗണമായ ദണ്ടൻസ്വാമി എന്നീ ഉപദേവതകൾ തറകളിൽ  മേൽക്കൂരയില്ലാതെ വസിക്കുന്നു. ക്ഷേത്രത്തിൻറെ വടക്കുപടിഞ്ഞാറെ മൂലയിൽ സർപ്പക്കാവും, ക്ഷേത്ര മൈതാനത്തിനോട് ചേർന്ന് താഴത്തെകാവിൽ ദേവിയും കുടികൊള്ളുന്നു. മകര മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച  സ്ഥാനകാലുനാട്ടലോടുകൂടി ക്ഷേത്രത്തിൽ പറയെടുപ്പ് തുടങ്ങും, ഒരാഴ്ച കഴിഞ് ദേവി ദേശങ്ങളിൽ ചെന്ന് പറയെടുക്കും. തിരുവസ്ത്രമായ ചെഞ്ചോലപ്പട്ടണിഞ്ഞ്,അരമണികെട്ടി കയ്യിൽ പള്ളിവാളും ചിലമ്പും പിടിച്ച് ഓലകുട ചൂടിയ കോമരവും, സഹായികളും ചേർന്ന് ചെണ്ടമേള ത്തിൻ്റെ അകമ്പടിയോടെ പറയെടുപ്പ് സംഘം തൃശൂർ ജില്ലയിലെ തലപ്പിള്ളി, കുന്നംകുളം, ചാവക്കാട്, തൃശൂർ എന്നീ  താലൂക്കുകളിൽ 60 ദിവസം സഞ്ചരിച്ച്,  64 ദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വീടുകളിലെത്തി പറപ്പൂകാവിൽ അമ്മയുടെ സാന്നിധ്യം അറിയിച്ച്ഭക്തജനങ്ങളുടെ ധന ധാന്യ കുടുംബ ഐശ്വര്യത്തിനുവേണ്ടി പറകൾ  ഏറ്റുവാങ്ങും.ആചാരത്തിനപ്പുറം ഒരു ദേശത്തിൻറെ കാർഷിക സംസ്കൃതി തൊട്ടുണർത്തി,  വിളസംരക്ഷിച്ച്  ഐശ്വര്യവും സമൃദ്ധിയുംതരുന്ന ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയായ പറപ്പൂക്കാവിൽ അമ്മയ്ക്ക് ഭക്തർ വ്യത്യസ്ത പറകൾ സമർപ്പിക്കുന്നു.ഭക്തജനങ്ങളുടെ ഐശ്വര്യത്തിനായി വിശ്വാസസംരക്ഷകയും, സംഹാരമൂർത്തിയുമായ ദേവി ഉറഞ്ഞുതുള്ളി ഭക്തർ സമർപ്പിക്കുന്ന പറകൾ ഏറ്റുവാങ്ങി അവരുടെ സന്തോഷവും,ദുഃഖ ദുരിതങ്ങളും കേട്ട് കൽപ്പന പുറപ്പെടുവിച്ച്  "അമ്മ കാത്തു സംരക്ഷിക്കും" എന്ന് ഉറപ്പുനൽകി"  അനുഗ്രഹിച്ച് പറയെടുപ്പ് സംഘം അടുത്ത വീട്ടിലേക്ക് യാത്ര....*മാർച്ച് 30 ന്റെ വേല* ഗ്രാമീണ കലകൾ കൊണ്ട് സമ്പന്നമാ ണ് കേരളത്തിൻറെ ആചാരങ്ങളും വിശ്വാസങ്ങളും. തിറ,തെയ്യം,പൂതം, കാളക്കളി വിവിധ നാടൻകലാരൂപങ്ങ ൾ, പതിനെട്ടു ദേശത്തു നിന്നും പുറപ്പെടും. കാലിൽ ചിലമ്പും അരയിൽ മണികളുമായി നടക്കുമ്പോഴുള്ള  ശ്രുതി മധുരമായ മണികിലുക്കവും ചിലമ്പൊലിയും ഗ്രാമങ്ങളെ സംഗീത സാന്ദ്രമാക്കുന്ന, ദേവപ്രീതിക്കായി കെട്ടിയാടുന്ന വർണ്ണാഭവും ഭക്തി നിർഭരവുമായ കലാരൂപങ്ങൾ. നൃത്തവും,  മുഖത്തെഴുത്തും, മെയ്യെഴുത്തും, തനതായ വേഷവിധാനങ്ങളും കലാപ്രകടനങ്ങളുമായി താളമേളത്തിന്റെ അകമ്പടിയോടെ സമന്വയിക്കുന്ന കലാരൂപങ്ങൾ ഘോഷയാത്രയായി വൈകിട്ട് അഞ്ചരയ്ക്ക് ക്ഷേത്ര മൈതാനിയിലെത്തി ദേവിക്ക് മുന്നിൽ കളിച്ച് ദേവീ ദർശനം നടത്തി പിരിയുന്നു.പറപ്പൂക്കാവിലമ്മയുടെ പ്രധാന ഉത്സവമായ *പൂരം*. മീന മാസം 16, 17,18  തീയ്യതികളിൽ ആഘോഷിക്കുന്നു.  പൂരപ്പൊലിമയോടെ 18 ദേശങ്ങളായ ചൂണ്ടൽ,കൈപ്പറമ്പ്, തോളൂർപഞ്ചായത്തുകളിൽനിന്ന് വരുന്ന ചെറുപൂരങ്ങൾക്ക്കു ടയും, കോലവും, നെറ്റിപ്പട്ടവും, വെഞ്ചാമരവും, ആലവട്ടവും, മേളക്കാരും പ്രത്യേകമുണ്ടാവും എന്നതാണ് പറപ്പൂക്കാവ് പൂരത്തിന്റെ മാത്രം പ്രത്യേകത. ക്ഷേത്ര മൈതാനത്ത് എത്തുന്ന ചെറുപൂരങ്ങളുടെ കൂടിച്ചേരലിൽ കേരളത്തിലെ തലയെടുപ്പുള്ള 50 ഓളം ഗജവീരന്മാർ പടിഞ്ഞാറ് ദർശനമായി ദേവിക്ക് അഭിമുഖമായി നിരന്ന് നിൽക്കും. പടിഞ്ഞാറ്  നിന്നുള്ള  അസ്തമയ സൂര്യൻറെ  പൊൻപ്രഭ ആനയാഭരണങ്ങളിൽ തട്ടി പ്രതിഫലിച്ച് സ്വർണ ശോഭയിൽ തിളങ്ങുമ്പോൾ, വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിൽ പാണ്ടിമേളംകൊട്ടി പതിഞ്ഞ കാലത്തിൽ തുടങ്ങി ദ്രുതകാലത്തിലേക്കുള്ള പ്രയാണത്തോടെ വെച്ചടി വെച്ചടി കയറി ഹൃദ്യവും ശാസ്ത്രീയവും കാതിന് ഇമ്പമുള്ളതുമായ പഞ്ചാരിമേളത്തിൽ അഞ്ച് കാലം കൊട്ടിതിമിർക്കുമ്പോൾ മേളശാസ്ത്രത്തിന്റെ മാസ്മരിക ലഹരിയിൽ താളബോധത്തോടെ തലയാട്ടിയും, കൈയുയർത്തിവീശി താളം പിടിച്ചും ആഹ്ലാദതിമിർപ്പിൽ ആരവമിടുന്ന ജനങ്ങളോടൊപ്പം താളത്തിനൊത്ത് ചെവിയാട്ടിക്കൊണ്ട് മേള പെരുമ ആസ്വദിക്കുന്ന ആനക്കൂട്ടവും, ആനപ്പുറത്തുള്ള ആലവട്ടവും വെഞ്ചാമരം വീശലും കണ്ണിനും മനസ്സിനും സന്തോഷവും ഉന്മേഷവും നൽകുന്ന നിമിഷങ്ങൾ..... മേളപെരുമയ്ക്കൊടുവിൽ രാത്രി ഏഴരയോടെ ഗജവീരന്മാരെല്ലാം ദേവിയെ വണങ്ങി ദേശങ്ങളിലേക്ക് മടങ്ങുന്നതോടെ പകൽ പൂരം അവസാനിക്കും. പകൽ പൂരത്തിന്റെ തനി ആവർത്തനമായ രാത്രി പൂരം ഏപ്രിൽ ഒന്നാം തീയതി രാവിലെ ഏഴരയ്ക്ക് ഗുരുതിദർപ്പണത്തോടെ അവസാനിക്കുന്ന ദേശക്കാരുടെ പൂരത്തിന് ശേഷം പറപ്പൂകാവിൽ അമ്മയ്ക്ക് വേണ്ടിയുള്ള ഭഗവതിപൂരം ഏപ്രിൽ 26 മേടമാസത്തിലെ പുണർതം നക്ഷത്രത്തിൽ ഉത്സവ ചടങ്ങുകളോടെ ഒരു ആനയുമായുള്ള   പൂരവും, വിശേഷാൽ പൂജകളും നടത്തുന്ന പതിവും പറപ്പൂക്കാവ് ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്. മീനമാസ ചൂടിൽ, ആനച്ചന്തവും പൂര ഭംഗിയും മേളക്കൊഴുപ്പും കണ്ടാസ്വദിക്കുന്നതിന് വിവിധ ദേശങ്ങളിൽ നിന്ന് എത്തുന്ന ജനകൂട്ടങ്ങളിൽ ജാതിഭേദമന്യേ എല്ലാ മതസ്ഥരും പങ്കെടുക്കുന്ന മതസൗഹാർദ്ദത്തിന്റെ വേദി കൂടിയാണ് പറപൂക്കാവ് പൂരം.*****

2356 232